06:04pm 29 July 2026
NEWS
ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് യാത്രകൾക്ക് വിലക്കിടുമോ എന്ന ആശങ്കയിൽ ലോകം

04/01/2025  10:45 AM IST
nila
ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് യാത്രകൾക്ക് വിലക്കിടുമോ എന്ന ആശങ്കയിൽ ലോകം

ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) പടർന്നുപിടിക്കുന്നെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ലോകം ആശങ്കയിലാണ്. ചൈനയിൽ നിന്നും ഉത്ഭവിച്ച കോവിഡ് മ​ഹാമാരിയെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണും യാത്രാ വിലക്കുമൊക്കെ തിരിച്ചുവരാൻ പുതിയ വൈറസ് കാരണമാകുമോ എന്നാണ് ആശങ്ക. എന്നാൽ, ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് ചൈനീസ് അധികൃതർ വ്യക്തമാക്കുന്നത്. 

വിദേശികൾക്ക് രാജ്യത്തേക്ക് എത്തുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് ചൈനീസ് സർക്കാർ വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ശൈത്യകാലത്ത് ഇത്തരം ശ്വാസകോശ സംബന്ധമായ അണുബാധകൾ സാധാരണമാണെന്നും ഇവിടേക്കെത്തുന്ന യാത്രികർ പൂർണമായും സുരക്ഷിതരാണ് എന്നുമാണ് ചൈന വ്യക്തമാക്കുന്നത്. ഈ വർഷം വൈറസിൻ്റെ ഫലപ്രാപ്തി മുമ്പത്തേക്കാൾ കുറവാണ്. വടക്കൻ അർദ്ധഗോളത്തിൽ ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകൾ സാധാരണമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു.

അതേസമയം, ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് ബാധയെ ചെറുക്കാനുള്ള മുന്നറിയിപ്പുകളും ആരോ​ഗ്യ വിദ​ഗ്ധർ നൽകുന്നുണ്ട്. പനി ആരംഭിച്ചു കഴിഞ്ഞാൽ വൈദ്യസഹായം തേടുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു. കാരണം ഈ വൈറസ് ശ്വാസകോശത്തെ വേഗം ബാധിക്കുന്നതിനാൽ ശ്വാസംമുട്ടൽ അനുഭവപെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രോഗലക്ഷങ്ങൾ ആരംഭിച്ച് കുറച്ച് ദിവസം നിലനിൽക്കുകയാണെങ്കിൽ വൈദ്യസഹായം തേടുന്നതാണ് നല്ലത്. കുറഞ്ഞത് 20 സെക്കൻഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകണം. വൃത്തിയാക്കാത്ത കൈകൾ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ നിന്ന് അകലം പാലിക്കുക. കൂടാതെ ഇടയ്ക്കിടെ സ്പർശിക്കുന്ന വസ്തുക്കൾ, കളിപ്പാട്ടങ്ങൾ എന്നിവ വൃത്തിയാക്കുക വഴി ഒരു പരിധി വരെ രോഗത്തെ ചെറുക്കാനാകും.

കൂടാതെ വൈറസ് മറ്റൊരാളിലേക്ക് പകരാതിരിക്കാനുള്ള മുൻകരുതലാണ് രോഗികൾ പ്രധാനമായും സ്വീകരിക്കേണ്ടത്. രോഗി എപ്പോഴും മാസ്ക് ഉപയോഗിക്കണം. ടിഷ്യുവോ കർച്ചീഫോ കൈയിൽ കരുത്തേണ്ടതും അത്യാവശ്യമാണ്. കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകുന്നത് വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കും. അതുപോലെ വസ്ത്രമോ മറ്റ് സാധങ്ങളോ പരസ്പരം കൈമാറാതിരിക്കുക. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നുവെങ്കിൽ കുടുംബക്കാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കൃത്യമായ അകലം പാലിക്കുക. നിലവിൽ എച്ച്എംപിവിക്ക് വാക്‌സിനോ പ്രത്യേക മരുന്നുകളോ ലഭ്യമല്ല. എന്നാൽ വൈറസ് ബാധയുള്ളവർ വൈദ്യസഹായം തേടുന്നത് അസുഖം കുറയ്ക്കാൻ സാധിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img